മട്ടന്നൂർ (കണ്ണൂർ): നാല് വരി പാത നിർമിക്കാൻ തീരുമാനിച്ച ശേഷം ആഘാതം പഠിക്കുന്നതെന്തിനാണ്? പഠനത്തിൽ പ്രതികൂല ഘടകങ്ങൾ ഉണ്ടായാൽ പദ്ധതി ഉപേക്ഷിക്കുമോ? പദ്ധതി ഉപേക്ഷിച്ചാൽ നാടിൻ്റെ "സമഗ്ര വികസനം" നഷ്ടമാവില്ലേ? പദ്ധതി നടപ്പിലാക്കിയാൽ നമുക്കെന്ത് തടയും? പദ്ധതി പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാണ് ഇത്രേം ചോദ്യങ്ങൾ ഒക്കെ. ചുരുക്കത്തിൽ പദ്ധതിയെ പഠിച്ചാൽ പ്രശ്നം തീർന്നു.
പദ്ധതി നടപ്പിലാക്കുന്നത് പാവങ്ങൾക്ക് നേരേ ചൊവ്വേ സാമൂഹിക പെൻഷൻപോലും കൊടുക്കാനില്ലാത്ത ഒരു സർക്കാരാണ്.
കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ എടുത്താണ് റോഡ് ഉണ്ടാക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയോട് ചേർന്നുള്ള കിയാലിൻ്റെ വിമാത്താവളത്തിലേക്ക് യാത്രക്കാർക്കും ചരക്കും എത്താനാണ് 4 വരി പാതയെന്നാണ് പറയുന്നത്.ആകെ പ്രതീക്ഷിക്കുന്ന ചിലവ് 2000 കോടി. ആകെ ദൂരം 58 കിലോമീറ്റർ.ഇതിൽ മാനന്തവാടി മുതൽ കൊട്ടിയൂരിലെ അമ്പായതോട് വരെ 18 കിലോമീറ്റർ മലയോര ഹൈവേയുടെ ഭാഗമായി വെറും 2 വരി പാത മാത്രമായിരിക്കും. ഈ 18 കിലോമീറ്ററിനുള്ളിൽ കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡും ഉൾപ്പെടും. ചുരം പ്രദേശം വനം വകുപ്പിൻ്റെ കൈവശമാണ്. അപകട സാധ്യതയും പരിസ്ഥിതി ദുർബലവും പാറയും മണ്ണും ഏത് നിമിഷവും ഇടിഞ്ഞു വീഴുന്ന സ്വഭാവമുള്ള ചുരത്തിൽ ചിലയിടങ്ങളിൽ നിലവിൽ 3.8 മീറ്റർ മാത്രം വീതിയുള്ള ഭാഗവും ഉണ്ട്. ഇവിടെ റോഡ് നിർമ്മിക്കാൾ സാധിക്കാവുന്ന വീതിയിൽ മാത്രമായിരിക്കും റോഡ് ഉണ്ടാകുക.
നാല് വരി പാത കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ നഗരസഭയുടെ പരിധിയിൽ വരെ 40 കിലോമീറ്റർ ദൂരമാണ് ഉണ്ടാകുക.നാലര പഞ്ചായത്തുകളിലും 9 വില്ലേജുകളിലും മാത്രമാണ് 4 വരി പാതയുണ്ടാക്കുന്നത്. മട്ടന്നൂർ നഗരസഭ, മാലൂർ മുതൽ പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂരിലെ അമ്പായത്തോട് വരെയുള്ള പഞ്ചായത്തുകളിലാണ് 4 വരി പദ്ധതി ഉള്ളത്. ഭൂമി ഏറ്റെടുക്കാൻ 964 കോടി നീക്കി വച്ചിട്ടുണ്ട് എന്നാണ് സർക്കാർ അവകാശപ്പെട്ടിട്ടുള്ളത്. റോഡിന് 24 മീറ്റർ വീതിയാണ് പ്രതീക്ഷിക്കുന്നത്. പുറമേ 10 മീറ്റർ ബഫർ സോണും വരും (അക്കാര്യം ആരും മിണ്ടിയിട്ടില്ല). ഏറ്റെടുക്കുന്ന ഭൂമിക്ക് റവന്യു വകുപ്പ് നിശ്ചയിച്ച ഫെയർ വാല്യുവിന് പുറമേ എത്ര കൂടി അധികം ലഭിക്കുമെന്നത് പ്രഖ്യാപിച്ചിട്ടില്ല. നിർമാണം പൂർത്തിയാക്കിയ ശേഷം ടോൾ ഏർപ്പെടുത്തുമോ എന്ന് സർക്കാർ പറയുന്നില്ല. യൂസർ ഫീ വാങ്ങുമോ എന്നും വ്യക്തമായി പറഞ്ഞിട്ടില്ല. വീടുകൾ പൂർണ്ണമായി വിട്ടു കൊടുത്താലും ഭാഗികമായി കൊടുത്താലും എന്ത് നഷ്ടപരിഹാരം കിട്ടുമെന്ന് സർക്കാർ പറഞ്ഞിട്ടല്ല. കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയൊക്കെ ഉപേക്ഷിക്കേണ്ടി വന്നാൽ എത്ര തുക വരെ ലഭിക്കുമെന്നോ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പകരം എന്ത് ലഭിക്കുമെന്നോ വ്യക്തമായി സർക്കാർ പറയുന്നില്ല.. നാല് വരിക്ക് പുറത്ത് സർവ്വീസ് റോഡുകൾ ഉണ്ടാവുമോ എന്നതും വ്യക്തമല്ല. പഴശ്ശി, കോളാരി, തോലമ്പ്ര, വെള്ളർവള്ളി, മണത്തണ, കണിച്ചാർ, കേളകം കൊട്ടിയൂർ വില്ലേജുകളിലാണ് റോഡ് പദ്ധതിയുള്ളത്. മാർക്കറ്റ് വില വേണമെന്നാണ് കുറച്ച് നാട്ടുകാർ ചേർന്ന് രൂപീകരിച്ച സംഘടന ആവശ്യപ്പെടുന്നത്. അതിനായി ഉയർന്ന വിലയ്ക്ക് ഈ സംഘടന മുൻകൈ എടുത്ത് ചില സ്ഥലക്കച്ചവടവും നടത്തിയിട്ടുണ്ട്. മട്ടന്നൂരിന് തൊട്ടടുത്തുള്ളതും അവിടേയ്ക്കു പോകാൻ നിരവധി റോഡുകളുള്ളതുമായ മാലൂർ, പേരാവൂർ പഞ്ചായത്തുകൾക്ക് നാല് വരി പാത ഒരു അത്യാവശ്യമല്ല. ബാക്കിയുള്ള കഷ്ടിച്ച് 3 പഞ്ചായത്ത്കളിലാണ് 4 വരി പാതയുണ്ടാക്കാൻ ശ്രമം നടത്തുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെ.കൺസൾട്ടൻസി എന്ന സ്ഥാപനത്തിനാണ് ആഘാത പഠനത്തിനുള്ള കരാർ നൽകിയിട്ടുള്ളത്. കൺസൾട്ടൻസി ചെയർമാൻ വി.കെ.ബാലൻ്റെ നേതൃത്വത്തിലാണ് ആഘാത പഠനം നടത്തുന്നത്. സംഘത്തിലുള്ളത് റിട്ടയർ ചെയ്ത റവന്യൂ ഉദ്യേഗസ്ഥരുമാണ്. അമ്പായത്തോട്, കൊട്ടിയൂർ, ചുങ്കക്കുന്ന്, കണിച്ചാർ, മണത്തണ തുടങ്ങിയ ടൗണുകൾ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാകും.. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയും നഷ്ടപ്പെടും. നഷ്ടപരിഹാര തുക എപ്പോൾ കിട്ടുമെന്ന് വ്യക്തമല്ല. പുനരധിവാസം, അതിജീവനം എന്നിവയ്ക്കും തൊഴിൽ നഷ്ടത്തിനും മാന്യമായ നഷ്ട പരിഹാരം ലഭിക്കുമോ എന്നറിയേണ്ടതുണ്ട്. എന്തൊക്കെ ത്തരം വികസനങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കാൻ സർക്കാരിനും നാട്ടുകാർക്കും സാധിച്ചിട്ടില്ല. പ്രാഥമിക പഠനം, ഡാറ്റ ശേഖരണം, ഭൂമി രേഖകളുടെ പരിശോധന, ക്രോഡീകരണം, സ്ഥലം - സ്ഥാപനം ഉടമകളുമായി ചർച്ച, കരട് റിപ്പോർട്ട് സമർപ്പണം, റിപ്പോർട്ടിൻ്റെ പ്രദർശനം, റിപ്പോർട്ട് പൊതുചർച്ച, തുടർന്ന് അന്തിമ റിപ്പോർട്ട് എന്നിങ്ങനെയാണ് ആഘാത പഠനം നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് ആണ് റോഡ് നിർമിക്കുന്നത്.
Will row four be affected?